info@krishi.info1800-425-1661
Welcome Guest

TOLL FREE 1800-425-1661

( കാര്‍ഷിക വിവര സങ്കേതം ജനങ്ങളിലെത്തിക്കുന്ന ഒരു എളിയ സംരംഭത്തിന്‍റെ തുടക്കം മാത്രമാണിത്. ഇത് പൂര്‍ണ്ണതയിലെത്തുവാന്‍ ഒട്ടനവധി വിവരശേഖരണവും നിര്‍ദ്ദേശങ്ങളും ആവശ്യമായി വരും. ഇതിലേയ്ക്ക് കര്‍ഷകരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. )


വി.എസ്.സുനിൽ കുമാർ,
കേരള കൃഷി വകുപ്പ് മന്ത്രി

വിവര വിനിമയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നവസാമൂഹ്യ മാധ്യമങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള കാര്‍ഷിക വിജ്ഞാന വ്യാപന ഏകജാലക സംവിധാനമാണ് കാര്‍ഷിക വിവര സങ്കേതം – ഒരു വിരല്‍ തുമ്പില്‍ പ്രോജക്ട്. ഇത്തരം ഒരു ഉദ്യമം രാജ്യത്ത് ആദ്യമാണ്. കാര്‍ഷികാനുബന്ധമായ സംശയങ്ങള്‍ ടെലിഫോണിലൂടെയും, മൊബൈല്‍‍ ഫോണിലൂടെയും നേരിട്ട് വിളിച്ചും കൂടാതെ എസ്.എം.എസ്, എം.എം.എസ്, ഇ-മെയില്‍, സാമൂഹ്യമാധ്യമങ്ങള്‍, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെയും ഉന്നയിക്കാന്‍ സാധിക്കും.

കാര്‍ഷിക മേഖലയെ സംബന്ധിച്ച എല്ലാവിധ വിവരങ്ങളും, പ്രത്യേകിച്ച് ജൈവകൃഷി, കാര്‍ഷിക യന്ത്രവല്‍ക്കരണം, വിപണി ഇവ സംബന്ധമായ തത്സമയ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാകും.

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കുന്നതിനും ഉപഭോക്താക്കൾക്ക് കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാലാവസ്ഥാ അറിയിപ്പുകള്‍, കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ്മസേന, കാര്‍ഷികാനുബന്ധ മേഖലയിലെ വിവിധ തരത്തിലുള്ള സ്ഥാപനങ്ങളുടെ ലിങ്കുകള്‍, ഇ-കാര്‍ഷിക ലൈബ്രറി എന്നിവ ഈ വെബ് പോര്‍ട്ടലിന്‍റെ സവിശേഷതകളാണ്.

കേരളത്തിലെ കര്‍ഷകര്‍ക്കും മറ്റ് ‍തൊഴിൽ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിയോട് ആഭിമുഖ്യമുള്ളവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനകരമായിരിക്കും. ഈ നൂതന കാല്‍വെയ്പ് ഈ മേഖലയുമായി ബന്ധപ്പെട്ട ഏവരും വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


ബിജു പ്രഭാകർ,
കൃഷിഡയറക്ടർ

കേരളത്തിലെ കർഷകർക്ക് വിത്തുമുതൽ വിപണി വരെയുള്ള മേഖലകളിലെ നൂതന ശാസ്ത്രീയ വിവരങ്ങൾ കാൾ സെന്റർ വഴി നൽകുകുയും krishi.info എന്ന പോർട്ടൽ വഴി സമഗ്രമായ കാർഷിക വിവര സങ്കേതം സജ്ജീകരിച്ച് സാമൂഹിക ഡിജിറ്റൽ മാധ്യമങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന “കാർഷിക വിവര സങ്കേതം ഒരു വിരൽ തുമ്പിൽ” എന്ന പദ്ധതി കേരളത്തിലെ കർഷകർക്ക് കാർഷിക രംഗത്തെ അനന്ത സാധ്യതകളുടെ അക്ഷയഖനി പ്രദാനം ചെയ്യും.

ഇന്ത്യയിൽ തന്നെ ആദ്യമായി കോൾ സെന്ററിന്റെ ഭാഗമായി കൃഷിശാസ്ത്രജ്ഞർ കൃഷിയിടം സന്ദർശിച്ച് ഉപദേശം നൽകുവാനുളളള സൗകര്യം, പ്രശ്നപരിഹാരത്തിനായി കൃഷിഭവനുകൾ വഴിയുള്ള തുടർ നടപടികൾ, ജൈവ കൃഷിയിലെ നൂതന ആശയങ്ങൾ അറിയുവാനുള്ള സൗകര്യം, കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ മൂല്യവർദ്ധനവ് നടത്തുന്നതിനുളള വിവരങ്ങൾ, വിപണനം നടത്തുവാനുള്ള സൗകര്യം, കച്ചവടക്കാരുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട വില ഉറപ്പാക്കാനുള്ള സൗകര്യം എന്നിവ ഈ പദ്ധതിയെ വളരെ ശ്രദ്ധേയമാക്കുന്നു. ഈ പദ്ധതി നിലവിലുള്ള കർഷകർക്ക് ഉപയോഗപ്രദമാകുന്നതിനു പുറമേ സാമൂഹിക ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം മൂലം കൂടുതൽ യുവകർഷകരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും സഹായകരമാണ്.

കേരളത്തിലെ കാർഷിക രംഗത്തിനു പുത്തൻ ഉണർവും പുതിയ ദിശാബോധവും നൽകി ജൈവകൃഷി പ്രോത്സാഹനത്തിലൂടെ കേരളത്തിലെ കാർഷിക രംഗത്തെ ഒരു സുവർണകാലഘട്ടത്തിലേയ്ക്ക് നയിക്കുവാൻ ഈ പദ്ധതി ഉപകരിക്കും. കേരളത്തിലെ കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ നൂതന സംരംഭത്തിന്റെ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു.


കെ.സി.രുഗ്മിണി ദേവി,
MD, SFAC Government of Kerala
“Our Endeavour -
To provide all information related to agriculture under one roof.
Ease of access to all stake holders in a single click.
Platform for knowledge sharing.
Effective tool for technology extension."

കാര്‍ഷിക വിവര സങ്കേതത്തിലേക്ക് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍

കാര്‍ഷികാനുബന്ധമായ സംശയങ്ങള്‍ ടെലിഫോണിലൂടെയും മൊബൈല്‍ ഫോണിലൂടെയും നേരിട്ട് വിളിച്ചും കൂടാതെ എസ്.എം.എസ്, എം.എം.എസ്, ഇ.മെയില്‍, സാമൂഹ്യമാധ്യമങ്ങള്‍, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെയും ഉന്നയിക്കാന്‍ സാധിക്കും. രോഗ കീടബാധ സംബന്ധിച്ച ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഇതിലേക്ക് അയക്കാവുന്നതാണ്.

1800-425-1661 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കാര്‍ഷിക വിവര സങ്കേതത്തിലേക്ക് നേരിട്ട് ബന്ധപ്പെടാനാകും. പ്രവര്‍ത്തന സമയത്തിന് മുമ്പോ അതിനുശേഷമോ വിളിക്കുന്നവരുടെ നമ്പറുകള്‍ റിക്കോര്‍ഡ് ചെയ്യുകയും അടുത്ത പ്രവൃത്തി സമയം ഈ നമ്പരുകളിലേക്ക് തിരിച്ച് വിളിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും.

കാര്‍ഷിക വിവര സങ്കേത സംവിധാനത്തില്‍ പതിവായി ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ചേര്‍ത്തുകൊണ്ട് ഒരു കാര്‍ഷിക വിജ്ഞാന സഞ്ചയം തയ്യാറാക്കും. ഇത് കാര്‍ഷിക വിവര സങ്കേതം വെബ് പോര്‍ട്ടലിലൂടെ ലഭ്യമാക്കുന്നതുകൊണ്ട് ഏറിയകൂറും സംശയങ്ങള്‍ ഈ സംവിധാനത്തിലൂടെ തന്നെ പരിഹരിക്കപ്പെടും.

കര്‍ഷകര്‍ക്ക് സ്കൈപ്പിലൂടെ (Skype) നേരിട്ട് വീഡിയോ ചാറ്റ് നടത്തുന്നതിനും കൃഷിയിടങ്ങളിലെ പ്രശ്നങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കുന്നതിനും സാധിക്കും

നേരിട്ട് ലഭിക്കുന്ന ഫോണ് ‍ കോളുകൾ കാള്‍ സെന്‍ററിലെ സാങ്കേതിക ഉദ്ദ്യോഗസ്ഥര്‍ സ്വീകരിക്കുകയും മറുപടി നല്‍കുകയും ചെയ്യും. കാള്‍ സെന്‍ററില്‍ പരിഹരിക്കാനാവാത്ത സംശയങ്ങള്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്ദ്ധന് കൈമാറുന്നതും,വിദഗ്ദ്ധന്‍ തത്സമയം തന്നെ സംശയദൂരീകരണം നടത്തുന്നതുമാണ്. ഇതിനായി കാര്‍ഷികാനുബന്ധ മേഖലകളിലെ വിദഗ്ദ്ധരുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ഫോൺ വിളിയിലൂടെയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന സംശയങ്ങളും ഇപ്രകാരം വിദഗ്ദ്ധ ഉപദേശം ആവശ്യമാണെങ്കില്‍ വിദഗ്ദ്ധര്‍ക്ക് കൈമാറി അവരില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് തിരികെ ലഭ്യമാക്കും വകുപ്പ്തല പദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ആയിരിക്കും നല്‍കുന്നത്.

ഈ പ്രോജക്ടിന്‍റെ ഭാഗമായി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

കാര്‍ഷിക വിവര സങ്കേതം കാള്‍സെന്‍ററിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും മറ്റും സംവിധാനം മോണിറ്റര്‍ ചെയ്യുന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുകയും അതിനനുസരിച്ച് വിശദാംശങ്ങള്‍ വിശകലനം ചെയ്ത് വേണ്ട നടപടി യഥാസമയം സ്വീകരിക്കുന്നതിനും സാധിക്കും.

കാര്‍ഷിക വിവര സങ്കേതം വെബ് പോര്‍ട്ടല്‍ (www.krishi.info)

കാര്‍ഷിക വിവര സങ്കേതം വെബ് പോര്‍ട്ടല്‍ തികച്ചും നൂതനമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ജൈവകൃഷിക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിപണി സംബന്ധമായ തത്സമയ വിവരങ്ങള്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതിനുമുള്ള സൗകര്യം, കാലാവസ്ഥ അറിയിപ്പുകള്‍, കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, തൊഴില്‍സേന, നവീന കൃഷി സമ്പ്രദായങ്ങള്‍, കാര്‍ഷികാനുബന്ധ മേഖലയിലെ വിവിധ തലത്തിലുള്ള സ്ഥാപനങ്ങളുടെ ലിങ്കുകള്‍, ഇ-കാര്‍ഷിക ലൈബ്രറി, കാര്‍ഷിക യന്ത്രവല്‍ക്കരണം എന്നിവ ഈ വെബ് പോര്‍ട്ടലിന്‍റെ സവിശേഷതകളാണ്.

ഈ പദ്ധതികളുടെ അടുത്ത ഘട്ടമായി കൃഷി അനുബന്ധമേഖലകളിലെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വെബ് പോര്‍ട്ടല്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

വെബ് പോര്‍ട്ടല്‍ വികസനത്തില്‍ കര്‍ഷക പങ്കാളിത്തം

  1. Krishi.info പോര്‍ട്ടലിന്‍റെ ഉള്ളടക്കത്തില്‍ കര്‍ഷകര്‍ നേരിട്ട് നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങളും പുതിയ വിവരങ്ങളും അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരത്തോടുകൂടി ഉള്‍പ്പെടുത്തുന്നതാണ്.
  2. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍കുന്നതിനും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനുമുള്ള വേദിയൊരുക്കുന്നു.
  3. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക സംബന്ധമായ അറിവുകളും അനുഭവങ്ങളും നവമാധ്യമങ്ങളില്‍ കൂടി പങ്കുവയ്ക്കുന്നതിനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിനും അവസരമൊരുക്കുന്നു.
  4. വിവിധ സ്രോതസുകളില്‍ നിന്ന് ഉല്പന്നങ്ങളുടെ വിലനിലവാരം, കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍, വിവിധ കാര്‍ഷിക വൃത്തികള്‍ക്കാവശ്യമായ തൊഴിലാളികളുടെ ലഭ്യത, കാര്‍ഷികയന്ത്രങ്ങളുടെ ലഭ്യത, അഗ്രോ സെന്‍ററുകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭ്യമാകുന്നു. വിവിധ തൊഴിലുകളില്‍ നൈപുണ്യം നേടിയിട്ടുള്ള തൊഴിലാളികള്‍ക്ക് അവരുടെ സേവനലഭ്യത ഈ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.
  5. സ്കൈപ്പ്, വാട്സാപ് എന്നീ സംവിധാനങ്ങളുപയോഗിച്ച് ചാറ്റ് ചെയ്യുന്നതിലൂടെ കൃഷിയിടങ്ങളിലെ പ്രശ്നങ്ങള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ച് ശരിയായ പ്രശ്നപരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുന്നു.